ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി

Guruvayur temple festival begins with grandeur
Guruvayur temple festival begins with grandeur

തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്. മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവച്ച ശേഷമായിരുന്നു കൊടിമരച്ചുവട്ടിലെ ദീപാരാധന. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്‌ക്കെഴുന്നള്ളിക്കുക. ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി പഞ്ചവാദ്യത്തിന്റെ നാദത്തിമര്‍പ്പില്‍ എഴുന്നള്ളിയ ഗുരുവായുരപ്പനെ ശര്‍ക്കര, പഴം അവില്‍, മലര്‍ എന്നിവയാല്‍ നിറപറയും, നിലവിളക്കും ഒരുക്കി  വരവേറ്റു. രുദ്രതീര്‍ഥക്കുളത്തിന് വടക്ക് ഭാഗത്ത് എഴുന്നള്ളിപ്പ് എത്തിയതോടെ  പഞ്ചവാദ്യം മേളത്തിന് വഴിമാറി.  

പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതിക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തിയതോടെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗംഗ, യമുന തുടങ്ങിയ പുണ്യതീര്‍ഥങ്ങളടക്കമുള്ള എല്ലാ തീര്‍ഥങ്ങളേയും രുദ്രതീര്‍ഥത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങായിരുന്നു. തന്ത്രിയും ഓതിക്കന്‍മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ ആദ്യം മഞ്ഞള്‍പ്പൊടിയാല്‍ അഭിഷേകം ചെയ്തശേഷം വലിയ കുട്ടകത്തില്‍ തയ്യാറാക്കിയ ഇളനീര്‍കൊണ്ട് തുടരഭിഷേകം നടത്തി.

അതിനുശേഷം തന്തി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍ എന്നിവരൊരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. അധികം വൈകാതെ ഗുരുവായൂരപ്പന്‍ ആറാടിയ രുദ്രതീര്‍ഥത്തില്‍ ഇറങ്ങി ഭക്തരും ആറാട്ട് കുളിച്ചു. തുടര്‍ന്ന് ഭഗവദ് തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ച് പതിനൊന്ന് ഓട്ടപ്രദക്ഷിണം നടത്തുന്ന ചടങ്ങായിരുന്നു. ആറാട്ട് കഴിഞ്ഞ് ആനപ്പുറത്ത് ക്ഷേത്രത്തിലെത്തിയ ഗുരുവായുരപ്പനെ ക്ഷേത്രം ഊരാളന്‍ നിറപറവെച്ച് എതിരേറ്റു. പിന്നീട് തന്ത്രി സ്വര്‍ണ്ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കിയ തോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
 

Tags

News Hub