ഗുരുവായൂരപ്പന് ബ്രഹ്‌മകലശമാടി; ഉത്സവക്കൊടിയേറ്റവും ആനയോട്ടവും ഇന്ന്

Guruvayoorappan Brahmakalashamadi; Festival flag hoisting and elephant race today
Guruvayoorappan Brahmakalashamadi; Festival flag hoisting and elephant race today

ഗുരുവായൂര്‍:  ഗുരുവായൂരപ്പന് ആയിരം ചൈതന്യ കലശങ്ങളും അതിവിശേഷമായ ബ്രഹ്‌മകലശവും അഭിഷേകം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി പവിത്രമായ കലശാഭിഷേകങ്ങള്‍ ഞായറാഴ്ച രാവിലെ ശീവേലിക്കുശേഷമാണ് തുടങ്ങിയത്.തിങ്കളാഴ്ച രാത്രി ഉത്സവം കൊടിയേറും. രാവിലെ ആറരയ്ക്ക് ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും.

ബ്രഹ്‌മകലശം എഴുന്നള്ളിക്കുമ്പോള്‍ പത്തേമുക്കാലായി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് കലശാഭിഷേക ചടങ്ങുകള്‍ നിര്‍വഹിച്ചു.കൂത്തമ്പലത്തിനു മുന്നില്‍ ക്ഷേത്രം അടിയന്തിരക്കാരായ ഗുരുവായൂര്‍ ഗോപന്‍മാരാരും ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്ന് വലിയ പാണി കൊട്ടിയശേഷം എഴുന്നള്ളിപ്പ് നീങ്ങി. പട്ടുകുടയ്ക്കു താഴെ ബ്രഹ്‌മകലശ സ്വര്‍ണക്കുംഭം മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി വഹിച്ചു. ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി, ശാന്തിയേറ്റ കീഴ്ശാന്തിമാരായ മുളമംഗലം ഹരി നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി എന്നിവര്‍ മറ്റ് പ്രധാന കുംഭങ്ങളും നീരാഞ്ജനവും വഹിച്ചു.

അവകാശി കുടുംബങ്ങളായ തിരുവെങ്കിടം വാരിയത്തെ രാജശേഖര വാര്യരും പുതിയേടത്ത് പിഷാരത്തെ ഗോവിന്ദ് പിഷാരടിയും കുത്തുവിളക്കുകള്‍ പിടിച്ചുനീങ്ങി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്, ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍, ക്ഷേത്രപരിചാരകര്‍ തുടങ്ങിയവരും പങ്കെടുത്തു.

പട്ടുകുടയും ആലവട്ടവും വെണ്‍ചാമരവും ചേര്‍ന്നതിന്റെ പ്രൗഢിയോടും വീരാണവും ഇടുതുടിയും ചേര്‍ന്ന വാദ്യമേള അകമ്പടിയോടും കൂടിയായിരുന്നു ബ്രഹ്‌മകലശം എഴുന്നള്ളിച്ചത്. അഭിഷേക ചടങ്ങുകള്‍ മുതല്‍ എഴുന്നള്ളിപ്പ് വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല. വരിയില്‍നിന്നുള്ള ഭക്തരെ നാലമ്പല കവാടത്തിനു മുന്നിലൂടെയാണ് കടത്തിവിട്ടത്. ചുറ്റമ്പലത്തില്‍ പ്രദക്ഷിണം അനുവദിച്ചില്ല. രാത്രി ശ്രീഭൂതബലിക്കുശേഷം ഉത്സവത്തിന്റെ കലശച്ചടങ്ങുകളെല്ലാം പൂര്‍ത്തിയായി.

ആനയോട്ടം തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കും. രാത്രി എട്ടിന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. ക്ഷേത്രത്തിലെ 'ആനയില്ലാ ശീവേലി' രാവിലെ ആറരയ്ക്കാണ്. ഉച്ചയ്ക്കു മൂന്നിന് മഞ്ജുളാലില്‍നിന്ന് ആനയോട്ടം ആരംഭിക്കും. കൊമ്പന്മാരായ ചെന്താമരാക്ഷന്‍, ബാലു, പിടിയാന ദേവി എന്നിവര്‍ മുന്നില്‍ ഓടും. ഗുരുവായൂര്‍ നന്ദനെയും ദേവദാസിനെയും കരുതലായി നിര്‍ത്തും. നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഞായറാഴ്ച ബ്രഹ്‌മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. ഉച്ചയ്ക്കു മൂന്നിന് ക്ഷേത്രഗോപുരത്തിലെ നാഴികമണി മൂന്നടിച്ചാല്‍, ആനകള്‍ക്ക് കെട്ടാനുള്ള കുടമണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറും. അവ ആനകളെ അണിയിച്ചശേഷം ക്ഷേത്രം മാരാര്‍ ശംഖുനാദം മുഴക്കും. അതോടെ ആനകള്‍ ഓടിത്തുടങ്ങും. ക്ഷേത്രം കിഴക്കേ ഗോപുരവാതില്‍ ആദ്യം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. പിന്നാലെ വരുന്ന ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Tags