മനമുരുകി പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്ന ദേവി ; കണ്ണൂർ ജില്ലയിലെ ഈ ക്ഷേത്രത്തെ കുറിച്ച് അറിയാമോ ?
കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വച്ചാണത്രേ രചിച്ചത്. ഇത് ഈ ക്ഷേത്രത്തിലെ മൃദംഗരൂപിണിയായ ഭഗവതിയെ സ്തുതിക്കുന്നതാണ്. ഇത് ഭഗവതിയുടെ മഹാസരസ്വതീഭാവം എടുത്തു കാണിക്കുന്നു.
കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. ദേവീ ഉപാസനയ്ക്ക് പേരുകേട്ട ഈ ക്ഷേത്രം പുരാതന ചരിത്രവും ഐതീഹ്യങ്ങളും തനതായ ആചാരാനുഷ്ഠാനങ്ങളും കൊണ്ട് ഭക്തരെയും ചരിത്രപ്രേമികളെയും ഒരുപോലെ ആകർഷിക്കുന്നു. വർഷം മുഴുവൻ നിരവധി ഭക്തരാണ് ദർശനത്തിനായി ഇവിടെ എത്തുന്നത്.
മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലൊന്നാണിത്. ഹൈന്ദവ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കർണാടകയിലെ പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ, മൂകാംബികയിലേതുപോലെ മഹാകാളി (പോർക്കലി)-മഹാലക്ഷ്മി-മഹാസരസ്വതി ഐക്യരൂപേണയാണ് ഭഗവതിയെ ആരാധിച്ചുവരുന്നത്. എന്നാൽ, മൂന്നുഭാവങ്ങൾക്ക് പ്രത്യേകമായി മൂന്നുരീതിയിൽ പൂജ നടത്താറില്ല. എല്ലാ സമയത്തും ഈ മൂന്നുഭാവങ്ങളോടുകൂടിയാണ് പ്രതിഷ്ഠാസങ്കല്പം. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ (പാർത്ഥസാരഥി സങ്കല്പം), അമൃതകലശധാരിയായ ശാസ്താവ്, വേട്ടേയ്ക്കരൻ (ശിവൻ), നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം പ്രതിഷ്ഠകളുണ്ട്. പഴശ്ശിരാജയുടെ കുടുംബക്ഷേത്രമായിരുന്നു ഇത്. പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെയടുത്തുണ്ടായിരുന്ന ഗുഹാക്ഷേത്രത്തിൽ ശ്രീപോർക്കലിയ്ക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിയ്ക്കപ്പെടുന്നു. ക്ഷേത്രസമീപത്തായി തന്നെ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്.
കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വച്ചാണത്രേ രചിച്ചത്. ഇത് ഈ ക്ഷേത്രത്തിലെ മൃദംഗരൂപിണിയായ ഭഗവതിയെ സ്തുതിക്കുന്നതാണ്. ഇത് ഭഗവതിയുടെ മഹാസരസ്വതീഭാവം എടുത്തു കാണിക്കുന്നു. കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീസ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെടുന്നു. കലാവാസനകളുടെ വളർച്ചയ്ക്കും വിദ്യാഭ്യാസ ഉന്നതിയ്ക്കും ദുരിതശാന്തിയ്ക്കും പ്രതിസന്ധികളുടെ അതിജീവാനത്തിനും ഈ ക്ഷേത്രദർശനം ഉത്തമമെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. വിജയദശമി നാളിൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഉത്തമമാണ് എന്ന് വിശ്വസിയ്ക്കുന്നവരും ധാരാളം. അതിനാൽ ദൂരദേശങ്ങളിൽ നിന്നടക്കം ധാരാളം കുട്ടികളാണ് ഈ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്താൻ എത്തിച്ചേരുന്നത്.
2016-ൽ ഈ ക്ഷേത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയ മൂന്ന് സംഭവകഥകളാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചത്. മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ടായി വരുന്ന പത്തുദിവസത്തെ ഉത്സവവും, ഇതിനിടയിൽ വരുന്ന പൂരമഹോത്സവവുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. കൂടാതെ, ആശ്വിനമാസത്തിൽ വരുന്ന നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക തുടങ്ങിയ ദിവസങ്ങളും അതിവിശേഷമായി ആചരിച്ചുവരുന്നു. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി ദിവസങ്ങളും കാർത്തിക നാളും ഇവിടെ അതിപ്രധാനമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
.jpg)

