പട്ടും പതക്കവും തങ്കഗോളകയും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവി; ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

The goddess is adorned with silk, gold, a golden ball and a lotus garland; Chottanikkara Makam Thozhal today
The goddess is adorned with silk, gold, a golden ball and a lotus garland; Chottanikkara Makam Thozhal today

കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര  മകം തൊഴൽ ഇന്ന്. ഉച്ചയ്‌ക്ക് 2 മുതൽ 9.30 വരെയാണ് മകം തൊഴൽ.വിശേഷപ്പെട്ട തങ്കഗോളകയും പട്ടും പതക്കവും ആഭരണങ്ങളും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവിയെ ദർശിക്കാൻ ഭക്ത ജനപ്രവാഹം തുടങ്ങിക്കഴിഞ്ഞു. ശ്രീലകത്ത് തെളിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ പ്രഭയിൽക്കുളിച്ച് ചോറ്റാനിക്കര ഭഗവതി ഭക്തർക്ക് ദർശനം നൽകും.

വില്വമംഗലത്ത് സ്വാമിയാർക്ക് ആദിപരാശക്തി സർവാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ വിശ്വരൂപ ദർശനം നൽകിയ ദിനത്തെ അനുസ്മരിച്ചാണു മകം തൊഴൽ നടത്തുന്നത്.മകം ഒരുക്കങ്ങൾക്കായി ഇന്ന് ഉച്ചയ്‌ക്ക് 1നു നട അടക്കും. 2നു നെയ് വിളക്കിൽ തിരിതെളിച്ചു മകം ദർശനത്തിനായി നട തുറക്കും.9.30 വരെയാണ് മകം തൊഴൽ.

മകം തൊഴലിനു ശേഷം ദേവി 11നു മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് അവിടെ ഇറക്കിപ്പൂജ. തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്. പൂരം ദിവസമായ 13നു രാവിലെ 5.30നു പറയ്‌ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയിൽ ആറാട്ടുണ്ട്. തുടർന്നു ചങ്ക്രോത്ത് മനയിൽ ഇറക്കിപ്പൂജയും വലിയ കീഴ്‌ക്കാവിൽ ഇറക്കിയെഴുന്നള്ളിപ്പും നടക്കും.

രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്‌ക്കാവിൽ എത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേർന്നു പൂരം എഴുന്നള്ളിപ്പ്. 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയിൽ രാത്രി 11നു 7 ദേവീദേവന്മാരുടെ കൂടിയെഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പിൽ എഴുന്നള്ളിപ്പ്. തുടർന്ന്കരിമരുന്ന് പ്രയോഗം.

ഉത്രം ആറാട്ട് ദിവസമായ 14നു രാവിലെ 5ന് ആറാട്ടുബലി, തുടർന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു തിരികെ ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും, ശേഷം കൊടിയിറക്ക്. വൈകിട്ട് 6നു വലിയ കീഴ്‌ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 15നു രാത്രി കീഴ്‌ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.


മകം തൊഴാനെത്തുന്ന ഭക്തർക്കു നിൽക്കാൻ നടപ്പന്തൽ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.ഭക്തർക്കു വെള്ളവും പഴവും ബിസ്കറ്റും വിതരണം ചെയ്യും.ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മകം തൊഴലിനോടനുബന്ധിച്ച് ​ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ വാഹന ​ഗതാ​ഗതം അനുവദിക്കില്ല.മകം തൊഴാനെത്തുന്ന ഭക്തർ വാഹനങ്ങൾ ചോറ്റാനിക്കര ഗവ.സ്കൂൾ ഗ്രൗണ്ട്, ഭീമ ഗ്രൗണ്ട്, താഴ്മറ്റം ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Tags