സന്താനഭാഗ്യം നൽകുന്ന ദൈവം: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിന്റെ വിശ്വാസങ്ങൾ
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് ശ്രീപൂർണത്രയീശ ക്ഷേത്രം. കൊച്ചി രാജവംശത്തിന്റെ കുലദൈവമായ പൂർണത്രയീശൻ, സന്താനഗോപാല മൂർത്തി സ്വരൂപത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അനന്തന്റെ (നാഗരാജാവ്) പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള അപൂർവ്വമായ വിഷ്ണു പ്രതിഷ്ഠയാണിവിടെയുള്ളത്.
സന്താനഗോപാലം കഥയ്ക്കു ശേഷം അർജുനനു ലഭിച്ച മഹാവിഷ്ണു വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി തെക്കോട്ടു യാത്ര ചെയ്തു പിപ്പലാരണ്യത്തിലെത്തി. അവിടെ വച്ച് ആവനാഴി എന്ന ‘പൂണി’ തുറന്നു വിഗ്രഹം പുറത്തെടുത്ത സ്ഥലത്തിനു ‘പൂണിത്തുറ’ എന്ന നാമം വന്നെന്നാണു വിശ്വാസം. അതിനോടടുത്തു പ്രതിഷ്ഠ നടത്തിയതിനാലാണു തൃപ്പൂണിത്തുറ എന്ന സ്ഥലനാമം വന്നതത്രേ.
രാജവംശത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട് ഈ ക്ഷേത്രത്തിന്. പഴമയുടെ ഏടുകൾ നോക്കിയാൽ കൊച്ചി രാജവംശത്തിലെ എട്ടു രാജക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവുമുണ്ട് പൂർണത്രയീശ ക്ഷേത്രത്തിന്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തന്റെ പിറന്നാൾ ദിനത്തിൽ ഈ ക്ഷേത്രത്തിൽ വന്നു തൊഴുതു പ്രാർഥിക്കുമായിരുന്നു. സൂര്യവംശജാതരാണു കൊച്ചി രാജാക്കന്മാർ എന്നാണു വിശ്വാസം. ശ്രീരാമന്റെ മക്കളായ ലവകുശന്മാരിൽ ലവന്റെ പരമ്പരയിലെ ഒരു രാജാവിനെ തൃപ്പൂണിത്തുറയിൽ കൊണ്ടുവന്നു വാഴിച്ചു എന്നും ആ രാജാവിന്റെ സന്താനപരമ്പരയാണ് കൊച്ചി രാജകുടുംബം എന്നും ഐതിഹ്യമുണ്ട്.

വൃശ്ചികോത്സവമാണ് ഏറ്റവും വലിയ ഉത്സവം. പതിനഞ്ച് ആനകൾക്കു നടുവിലെ ആനപ്പുറത്താണു പഞ്ചാരിമേളത്തോടൊപ്പമുള്ള പൂർണത്രയീശ ഭഗവാന്റെ എഴുന്നെള്ളിപ്പ്. ചിങ്ങത്തിലെ പടഹാതി ഉത്സവവും കുംഭത്തിലെ പറയുത്സവവുമാണ് ഇവിടത്തെ മറ്റുത്സവങ്ങൾ. ഈ മൂന്ന് ഉത്സവങ്ങളും ചോതിനക്ഷത്രത്തിൽ കൊടിയേറി തിരുവോണ നക്ഷത്രനാളിൽ സമാപിക്കും.
ഉത്രം നാളിലെ അപ്പം വഴിപാടിന് ഏറെ പ്രചാരമുണ്ട്. സൽസന്താന ലാഭത്തിനും ഐശ്വര്യം ലഭിക്കുന്നതിനുമായാണ് ഈ അപ്പം നൈവേദ്യം.
1921 ൽ ഉണ്ടായ അഗ്നിബാധയിൽ കിഴക്കേ ഗോപുരം കത്തിനശിച്ചതോടെ 1924 ൽ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന കിഴക്കേഗോപുരമെന്നു ഭക്തനായ ഗോപി പറഞ്ഞു. പടിഞ്ഞാറേ ഗോപുരം അതിപുരാതനമാണ്. ഭൂതങ്ങൾ ഒറ്റ രാത്രികൊണ്ട് കെട്ടിപ്പടുത്തതാണ് ഈ േഗാപുരമെന്നാണു വിശ്വാസം.
മറ്റു പ്രതിഷ്ഠകളായ ഭദ്രകാളി, ശിവൻ ഉൾപ്പെടെ സമ്പൂർണ വിരാളത്തിൽ എല്ലാ ദേവന്മാരും ദേവതമാരും ഇവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. പൂർണത്രയീശൻ ആനകളെ ഏറെ ഇഷ്ടപ്പെടുന്ന ദൈവമായി അറിയപ്പെടുന്നു, അതിനാൽ ഇവിടുത്തെ ഉത്സവങ്ങൾക്ക് ധാരാളം ആനകൾ പങ്കെടുക്കാറുണ്ട്. സന്താനങ്ങളില്ലാത്ത ദമ്പതികൾ ഇവിടെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം സിദ്ധിക്കുമെന്നത് ഭക്തരുടെ പ്രധാന വിശ്വാസമാണ്
.jpg)

