ശബരിമലയിൽ സുരക്ഷയൊരുക്കി വനംവകുപ്പ്: ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ; ആനകളെ തുരത്താൻ പമ്പ്-ആക്ഷൻ ഗണ്ണുമായി എലിഫന്റ് സ്ക്വാഡ്

Forest Department provides security at Sabarimala: 40 snakes caught so far; Elephant Squad with pump-action guns to chase away elephants

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിച്ച ശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി വനം-വന്യജീവി വകുപ്പ് ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. പിടികൂടിയ മുഴുവൻ പാമ്പുകളെയും സന്നിധാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പലക്കടവ് വനമേഖലയിൽ സുരക്ഷിതമായി വിട്ടയച്ചതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ.എഫ്.ഒ) ടി.കെ. മനോജ് അറിയിച്ചു.

പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പിന്റെ മൂന്ന് പ്രത്യേക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ സന്നിധാനത്തും ഒരു സംഘം മരക്കൂട്ടത്തുമാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി സാന്നിധ്യത്തിന് സാധ്യതയുള്ള പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രെക്കിങ് പാത, ചരൽമേട് എന്നീ നാല് പോയിന്റുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളിൽ 24 മണിക്കൂറും കർശനമായ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

കാട്ടാനകളെ തുരത്തുന്നതിനായി അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക എലിഫന്റ് സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. രണ്ട് പമ്പ്-ആക്ഷൻ ഗണ്ണുകളും പടക്കങ്ങളുമാണ് ആനകളെ തുരത്തുന്നതിനായി സ്ക്വാഡിന്റെ പക്കലുള്ളത്. ദിവസവും പുല്ലുമേട് കാനനപാത വഴി വരുന്ന ആദ്യ അയ്യപ്പസംഘത്തെ കഴുതക്കുഴി വരെ വനം ഉദ്യോഗസ്ഥർ അനുഗമിക്കും. പാതയിൽ വന്യജീവി സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താനാണിത്. അതുപോലെ ദിവസവും അവസാനമെത്തുന്ന തീർത്ഥാടക സംഘത്തിന് കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെയും ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും.

അതേസമയം, തീർത്ഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർ.എഫ്.ഒ മുന്നറിയിപ്പ് നൽകി. നിരോധനമുണ്ടായിട്ടും പലരും കുരങ്ങുകൾക്കും മലയണ്ണാനും ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. ഈ മൃഗങ്ങൾ തീർത്ഥാടകരെ മാന്തുകയോ പോറലേൽപ്പിക്കുകയോ ചെയ്താൽ വാക്സിൻ എടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അതിനാൽ ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വ്യാജവാറ്റ്, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനായി വനം, പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന ഉടൻ ആരംഭിക്കും. സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 12 എക്കോ ഗാർഡുകളും വനംവകുപ്പിന് കീഴിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

Tags