നോമ്പ് തുറക്കുന്നതിന്റെ ഉത്സവമായ ഈദുല്‍ ഫിത്തർ ; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം


ഇസ്ലാമിക് കലണ്ടറായ ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാന്‍, ഇസ്ലാം മതവിശ്വാസികള്‍ ഉപവാസവും പ്രാര്‍ത്ഥനയും സേവനങ്ങളുമായി ഒക്കെ ആചരിക്കുന്നു. ഈദുല്‍ ഫിത്തര്‍ എന്നത് റമദാന്‍ മാസത്തിന്റെയും റമദാന്‍ നോമ്പിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ദിനമവണെന്ന് പറയാം.
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ഏറെ ആഘോഷത്തോടെയും പ്രാര്‍ഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉല്‍ ഫിത്തര്‍. ശവ്വാല്‍ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാള്‍ കൂടിയാണിത്. ചെറിയ പെരുന്നാള്‍ എന്ന് വിളിക്കുന്ന ഈ ആഘോഷത്തിന് തുടക്കം കുറിക്കുന്നത്, സൂര്യാസ്തമയത്തോടെ ചന്ദ്രക്കലയെ ആദ്യമായി കാണുന്ന സമയം കണക്കാക്കിയാണ്. ഇസ്ലാം വിശ്വാസികള്‍ക്ക് നോമ്പ് അനുവദനീയമല്ലാത്ത ഒരേയൊരു ദിവസമാണ്.

ഇത് ആഘോഷിപ്പെടേണ്ടതും സന്തോഷകരമായ കാര്യങ്ങള്‍ നടത്തുകയും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ട സമയമാണ്. ഈദിന് മുസ്ലിംകള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേര്‍ന്ന് ഭക്ഷണങ്ങള്‍ ഉണ്ടാക്കുകയും പങ്കിടുകയും ദാനധര്‍മ്മാദികള്‍ നടത്തുകയും കാരുണ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടകയും ചെയ്യുന്നു.
വിശുദ്ധ റമസാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ ദര്‍ശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമസാനിലുടനീളം, രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള നോമ്പിന്റെ അവസാനത്തെയും ശവ്വാല്‍ മാസത്തിന്റെ തുടക്കത്തെയും ഈദുല്‍ ഫിത്തര്‍ സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്‍കിയതിന് അല്ലാഹുവിന് വിശ്വാസികള്‍ നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു
ഈദുല്‍ ഫിത്തറിന്റെ അന്നേ ദിവസം രാവിലെ നടത്തുന്ന ഈദ് നമസ്‌കാരം വളരെ പ്രധാന്യമുള്ളതാണ്. ഈ നമസ്‌കാരത്തിന് മുമ്പ്, വീട്ടിലെ അംഗങ്ങള്‍ക്ക് കഴിക്കാനും കഴിയാനുമുള്ളതെല്ലാം ബാക്കിവച്ച്, മിച്ചമുള്ളതെല്ലാം ദാനം (സക്കാത്ത് അല്‍-ഫിത്തര്‍) ചെയ്യണമെന്നാണ് ഇസ്ലാം മതം അനുശാസിക്കുന്നത്. വീട്ടിലെ ഓരോ അംഗത്തിന്റെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ വരെ കണക്കാക്കി വേണം സക്കാത്ത് നിര്‍വഹിക്കാന്‍. വീട്ടിലെ ഓരോ അംഗങ്ങളുടെ പേരിലും കുറഞ്ഞത് ഒരു സ്വാ (ഏകദേശം രണ്ടരക്കിലോ) ഭക്ഷ്യ ധാന്യം വീതം ദാനം ചെയ്തിരിക്കണമെന്നാണ് പറയുന്നത്.