വിസ്മൃതിയിലായ ചരിത്രം വീണ്ടെടുത്ത് ചേരാനല്ലൂർ ശിവക്ഷേത്രം ; കർണ്ണാടകത്തിൽ നിന്നുമെത്തിയത് ശ്രീനിവാസൻ എമ്പ്രാന്തിരിയുടെ അഞ്ചാം തലമുറ !

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!

എറണാകുളം ജില്ലയിലെ പെരിയാറിന്റെ തെക്കേക്കരയിലെ ചേരാനല്ലൂർ ശ്രീമഹാദേവക്ഷേത്രത്തിൽ 1920-25 കാലഘട്ടത്തിൽ അർച്ചകനായിരുന്ന, മഹാരാഷ്ട്രയിലും കർണ്ണാടകയിലും വേരുകളുള്ള ശ്രീനിവാസൻ എമ്പ്രാന്തിരിയുടെ പിന്മുറക്കാരാണ്  കർണ്ണാടകയിൽ നിന്നും അവിചാരിതമായി ചേരാനല്ലൂർ ശിവക്ഷേത്രത്തിൽ കഴിഞ്ഞദിവസം ദർശനത്തിനെത്തിയത്. ക്ഷേത്രചരിത്രവും വാസ്തുശില്പ ഭംഗിയും നെഞ്ചിലേറ്റിയ സംഘം വീണ്ടും വരണമെന്ന ആഗ്രഹത്തോടെയാണ്  മടങ്ങിയത്.

 പെരുമ്പാവൂർ: പെരിയാറിന്റെ തെക്കേക്കരയിൽ അയ്യായിരത്തിലേറെ വർഷങ്ങളുടെ പഴക്കം അനുമാനിക്കുന്ന, 108 ശിവാലയങ്ങളിലൊന്നായ പ്രസിദ്ധമായ ചേരാനല്ലൂർ ശ്രീമഹാദേവക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കുടുംബസംഗമത്തിനും ദർശനത്തിനും വെള്ളിയാഴ്ച ക്ഷേത്രം സാക്ഷ്യം വഹിച്ചു. ക്ഷേത്രചരിത്രത്തിൽനിന്ന് വിസ്മൃതിയിലാണ്ടുപോയ ഒരു അധ്യായം വീണ്ടെടുത്ത്, 106 വർഷങ്ങൾക്ക് മുൻപ് ഇവിടെ മേൽശാന്തിയായിരുന്ന ശ്രീനിവാസൻ എമ്പ്രാന്തിരിയുടെ അഞ്ചാം തലമുറയിലെ പേരക്കുട്ടിയടക്കമാണ് വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജ വേളയിൽ ഭഗവത് ദർശനത്തിനെത്തിയത്. കർണ്ണാടകയിലെ പശ്ചിമ ബംഗലൂരു നഗറാഭാവിയിൽ താമസിക്കുന്ന പ്രഫുല്ല ഭട്ടും കുടുംബവുമാണ് പുരാതനമായ ചരിത്രത്തിന്റെ കണ്ണികളായി ചേരാനല്ലൂരിൽ ദർശനം നടത്തിയത്.

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!

യജുർവ്വേദ പരമ്പരയിൽപ്പെട്ട അദ്വൈതവേദാന്ത മാർഗ്ഗിയായ സ്മാർത്തബ്രാഹ്മണ കുടുംബാംഗമായിരുന്നു 1920-കളിൽ ചേരാനല്ലൂരിൽ അർച്ചകനായിരുന്ന ശ്രീനിവാസൻ എമ്പ്രാന്തിരി. മുഗൾ ഭരണകാലത്ത് മഹാരാഷ്ട്രയിൽ നിന്നും തെക്കോട്ട് കുടിയേറി മംഗലാപുരം മേഖലയിൽ സ്ഥിരവാസമുറപ്പിച്ചവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. കാലാന്തരത്തിൽ മാതൃദേശവുമായുള്ള ബന്ധം വേർപെടുകയും, തങ്ങളുടെ മൂല ഗുരുപരമ്പരയെ കൈവിട്ടുപോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തപ്പോൾ, കർണ്ണാടകത്തിലെ ശൃംഗേരി മഠമാണ് ഈ സമൂഹത്തിന് വഴി കാട്ടിയായത്. 

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!2

ശൃംഗേരി മഠത്തിന്റെ സംരക്ഷണയിൽ ഇവർ അവിടത്തെ വേദപണ്ഡിതരുടെ ശിഷ്യഗണങ്ങളായി മാറി. ഉഡുപ്പിക്കടുത്തുള്ള ബ്രഹ്മാവറിലെ ബലികുദ്രു മഠവുമായി ബന്ധപ്പെട്ട വൈദികപാരമ്പര്യമുള്ള ശ്രീനിവാസൻ എമ്പ്രാന്തിരി  കാലടിയിലെ ശൃംഗേരി ശങ്കരമഠവുമായുള്ളബന്ധം വഴിയാണ്  ചേരാനല്ലൂർ ശിവക്ഷേത്രത്തിൽ അക്കാലത്ത് പുരോഹിതനായി എത്തുന്നത്. തന്റെ മുത്തശ്ശിയിൽ നിന്ന് കേട്ടറിഞ്ഞ ഈ കുടുംബചരിത്രം നെഞ്ചിലേറ്റിയാണ് ശ്രീനിവാസ ഭട്ടിന്റെ പ്രപൗത്രിയായ പ്രഫുല്ലയും കുടുംബവും ചേരാനല്ലൂരിലേയ്ക്ക് എത്തിയത്. ക്ഷേത്രത്തിലെ പഴമക്കാരുടെ കേട്ടുകേൾവിയിൽപ്പോലും ഇല്ലാതിരുന്ന ഈ ചരിത്രസത്യം പ്രഫുല്ലയുടെ വരവോടെ വെളിപ്പെട്ടതായി ക്ഷേത്രം മേൽശാന്തി ചൈതന്യ ചക്രവർത്തി പറഞ്ഞു. ക്ഷേത്രത്തിന്റെ പിൻവശത്തായി വടക്കുപടിഞ്ഞാറേ മൂലയിൽ എമ്പ്രാനു താമസിയ്ക്കാനുള്ള മഠം ഉണ്ടായിരുന്നതായി ട്രസ്റ്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!4

ഇന്ന് ആ സ്ഥലം എമ്പ്രാൻകുടി എന്നാണ് അറിയപ്പെടുന്നത്. ശാന്തിക്കാർക്കു മാത്രമായി കുളിയ്ക്കാനുള്ള പ്രത്യേക ക്ഷേത്രക്കടവും അന്ന് പെരിയാറിന്റെ കരകളിൽ ഉണ്ടായിരുന്നു. കൂവപ്പടി, കോടനാട്, മലയാറ്റൂർ, തോട്ടുവ, കൂടാലപ്പാട് തുടങ്ങിയ വിസ്തൃതമായ ഭൂപ്രദേശത്ത് വ്യാപിച്ചിരുന്ന ഭൂമി ഈ ദേവന്റെ വകയായിരുന്നു. ദേവസ്വം വക മൂവായിരം പറ നെല്ലിലധികം പാട്ടം കിട്ടിയിരുന്നു. ത്രിപുരദഹനം കഴിഞ്ഞ അവസ്ഥയിലുള്ള കോപഭാവത്തിലാണ് ഇവിടത്തെ ശിവസങ്കല്പം. പുരാണങ്ങളിലെ ഏറ്റവും വൈകാരികവും ശക്തവുമായ ഒരേടായ സതീവിരഹിതനായ ശിവനാണിവിടെ പ്രതിഷ്ഠയെന്നും സങ്കല്പമുണ്ട്. 

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!22

തന്റെ പിതാവായ ദക്ഷൻ നടത്തിയ യാഗഭൂമിയിൽ വെച്ച് ഭർത്താവായ ശിവൻ അപമാനിക്കപ്പെട്ടതിൽ മനംനൊന്താണ് സതീദേവി യോഗാഗ്നിയിൽ ദേഹത്യാഗം ചെയ്തത്. സതിയുടെ വേർപാടിൽ കോപാകുലനായ ശിവൻ വീരഭദ്രനെ സൃഷ്ടിച്ച് ദക്ഷയാഗം ധ്വംസിച്ച ചരിത്രവും ഇവിടെ പറയപ്പെടുന്നുണ്ട്. അതിനാൽ ഇവിടത്തെ വിരഹിതനായ മഹാദേവന് പൂജാകാര്യങ്ങൾക്കോ ദീപാരാധനയ്ക്കോ  സുഗന്ധപുഷ്പങ്ങളോ, സുഗന്ധവസ്തുക്കളോ ഉപയോഗിക്കാറില്ല എന്നതൊരു പ്രത്യേകതയാണ്. പ്രസിദ്ധരായ ക്ഷേത്ര വാദ്യകലാകാരന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണാണിത്. പ്രസിദ്ധനായ മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരുടെ ജന്മഗേഹം ഇവിടെയാണ്. 

ചേരാനല്ലൂർ ശിവക്ഷേത്രവുമായി നൂറ്റാണ്ടുകൾക്ക് മുൻപുള്ള കുടുംബബന്ധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ നിർവൃതി പ്രഫുല്ലയും കുടുംബവും പങ്കുവെച്ചു. ക്ഷേത്രത്തിന്റെ വിസ്താരത്തിലുള്ള 36 കോൽ ചുറ്റുവട്ടശ്രീകോവിൽ, മൃഗമാലയോടു കൂടിയ തറനിലത്ത് കരിങ്കല്ല്, വാസ്തു ശില്പഭംഗിയുള്ള വലിയ നമസ്കാര മണ്ഡപം എന്നിവ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് പ്രഫുല്ല ഭട്ട് പറഞ്ഞു. 

Cheranalloor Shiva Temple revives a forgotten history; the fifth generation of Sreenivasan Empranthiri arrives from Karnataka!

ഗുരുവായൂരമ്പലത്തിലും തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലും കാലടി ശൃംഗേരി ശാരദാമഠത്തിലും ദർശനം പൂർത്തിയാക്കിയ ശേഷമാണ് സംഘം ചേരാനല്ലൂരിലെത്തിയത്. ശ്രീകോവിലകത്തെ  തൃപ്പുകയും കണ്ടാണ്  തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക്  സംഘം യാത്ര തുടർന്നത്. പ്രഫുല്ലയോടൊപ്പം ചന്ദ്രഹാസ ഭട്ട്, മകൾ സിന്ദൂരി, മരുമകൻ ദിനേശ് റാവു, പേരക്കുട്ടി എന്നിവരാണുണ്ടായിരുന്നത്.  മുതുമുത്തശ്ശന്റെ ഓർമ്മകൾ നിലനിൽക്കുന്ന ക്ഷേത്രസങ്കേതത്തിലേയ്ക്ക്  വീണ്ടും വരുമെന്നു പറഞ്ഞാണ് പ്രഫുല്ലയും കൂട്ടരും മടങ്ങിയത്. 

Tags