ഉദ്ധിഷ്ടകാര്യസിദ്ധിക്ക് ആറ്റുകാൽ പൊങ്കാല; വ്രതം ഇങ്ങനെ അനുഷ്ഠിക്കാം


ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്നാണ് വിശ്വാസം.ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
പൊങ്കാലയിടുന്നവർ കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 7 ,5 ,3 ദിവസങ്ങൾ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.
വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.
പൊങ്കാലയിടുന്നവർ തലേദിവസം കർശനമായി വ്രതമെടുക്കണം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങൾ, സ്തുതികൾ ജപിച്ച് വേണം വ്രതം.മാസമുറ കഴിഞ്ഞ് ഏഴാം ദിവസം കഴിഞ്ഞ് പൊങ്കാല ഇടാം. പുലയും വാലായ്മയും ഉള്ളവർ പൊങ്കാലയിടരുത്. മരിച്ച് 16 വരെയാണ് പുല. ജനിച്ച് 11 വരെ വാലായ്മയാണ്.
പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.മാത്രമല്ല പൊങ്കാലയ്ക്ക് പുത്തൻ മൺകലം തന്നെ വേണം. പൊങ്കാലയ്ക്ക് ഒരിക്കൽ ഉപയോഗിച്ച പാത്രം വീണ്ടും ഉപയോഗിക്കരുത്. പൊങ്കാല ഇടുന്നവർ കാപ്പുകെട്ട് കഴിഞ്ഞ് പൊങ്കാലയ്ക്ക് മുൻപായി ഒരിക്കലെങ്കിലും ആറ്റുകാലമ്മയെ കണ്ടു വന്ദിക്കണം. ഇങ്ങനെ ചെയ്താൽ ആഗ്രഹസാഫല്യവും അഷ്‌ടൈശ്വര്യങ്ങളും ലഭിക്കും.

ക്ഷേത്രം ട്രസ്റ്റ് അനുശാസിക്കുന്ന പ്രകാരം ക്ഷേത്ര പരിസരത്തും നഗരത്തിന്റെ പല ഭാഗങ്ങളിൽ എവിടെയും പൊങ്കാല സമർപ്പിക്കാം. ഭക്തിപൂർവം എവിടെയിരുന്നും ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്ന പൊങ്കാല ഗൃഹ ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും സന്താന സൗഖ്യത്തിനും സൽസന്താനലാഭത്തിനും നല്ലതാണ്.സ്വന്തം വീട്ടുമുറ്റത്ത് ദേവിയെ സങ്കല്പിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് പൊങ്കാല സമർപ്പിക്കാം.
പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല
പൊങ്കാലയിടാൻ തേങ്ങ തിരുമ്മുന്നതും ശർക്കര അരിയുന്നതും പൊങ്കാല സമയത്താവുന്നതാണ് നല്ലത്. പൊങ്കാലയ്ക്ക് ഒരുക്ക് തയ്യാറാക്കി ശേഷം അടുപ്പ് കത്തിക്കും മുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്.പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാൽ നല്ലത്.
ഇപ്രകാരമുള്ള തിളച്ചുമറിയൽ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യം ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യം നടക്കാൻ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാൽ തെക്കോട്ടു തൂകിയാൽ ദുരിതം മാറിയിട്ടില്ല പ്രാർത്ഥനയും പൂജയും നന്നായി വേണം എന്ന് മനസിലാക്കണം.
പൊങ്കാല തിളച്ച ശേഷം വേണമെങ്കിൽ ആഹാരം കഴിക്കാം. പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്താവർ ധാരാളമുണ്ട്. ആരോഗ്യം അനുവദിക്കുന്നത് പോലെ ചെയ്യുക. എല്ലാം ആറ്റുകാൽ അമ്മ മാത്രം എന്ന പ്രാർത്ഥനയിൽ ആഹാരത്തിന് ഒരു സ്ഥാനവും ഇല്ല.പൊങ്കാലയിടുമ്പോൾ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടൻ പുഷ്പംകൊണ്ട് അണയ്ക്കാം. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാൽ പ്രസാദമായി മറ്റുള്ളവർക്ക് നൽകാം. അല്ലെങ്കിൽ ഒഴുക്കു വെള്ളത്തിലിടണം.
വെള്ള, പാൽപ്പായസം, ശർക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമർപ്പിക്കാം. ശിരോരോഗങ്ങൾക്ക് ഒറ്റമൂലിയാണ് മണ്ടപ്പുറ്റ്.
പൊങ്കാലയിട്ട കലങ്ങൾ വീട്ടിൽ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. അത് വൃത്തിയാക്കി അരിയിട്ടു വയ്ക്കണം. എന്നും ചോറിനുള്ള അരിക്കൊപ്പം ഇതിൽ നിന്ന് ഒരുപിടി അരികൂടി ഇട്ടാൽ അന്നത്തിന് മുട്ടുണ്ടാകില്ല എന്നാണ് വിശ്വാസം.
പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.