നൂറ്റിഅറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ;തിരുവനന്തപുരത്ത് ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ

arrest1

 നൂറ്റിഅറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ;തിരുവനന്തപുരത്ത് ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. പൊഴിയൂര്‍ പരുത്തിയൂര്‍ പൊയ്പള്ളിവിളാകത്ത് വീട്ടില്‍ അഖിനെ (22) ആണ് പാറശാല പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് പാറശാല ധനുവച്ചപുരത്ത് റോഡരികില്‍ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണംപോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അഖിന്‍ പിടിയിലായത്. 

tRootC1469263">

മോഷണം നടന്ന സ്ഥലം മുതലുള്ള നൂറ്റിഅറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പാറശാലയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ചാക്കയ്ക്കും ലുലുമാളിനും സമീപത്ത് എത്തിയതായി സിസിടിവികള്‍ നിരീക്ഷിച്ച് പൊലീസ് കണ്ടെത്തി. 

ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിന്‍ പിടിയിലായത്. നിലവില്‍ പതിനാറ് കേസുകളില്‍ പ്രതിയായ അഖിന്‍ ഒരുമാസം മുമ്പാണ് തമിഴ്‌നാട്ടിലെ പാളയംകോട്ട ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഷൊര്‍ണൂര്‍, വലിയതുറ, ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, പൊഴിയൂര്‍ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാള്‍. പ്രൊബേഷന്‍ എസ്.ഐ.മാരായ ബാലു, വിഷ്ണു, സി.പി.ഒ.മാരായ അനില്‍കുമാര്‍, സാജന്‍, അഭിലാഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Tags