ബൈക്കിലെത്തി മാല പൊട്ടിക്കും, കിട്ടുന്ന പണത്തിന് കഞ്ചാവ് ; പത്തനംതിട്ടയിൽ യുവാക്കൾ പിടിയിൽ

arrest
arrest

പത്തനംതിട്ട:  കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി വാഹനങ്ങളിലെത്തി  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പത്തനംതിട്ട കോന്നിയിൽ പിടിയിൽ. തണ്ണിത്തോട് സ്വദേശി വിമൽ സുരേഷും, വടശ്ശേരിക്കര സ്വദേശി സൂരജ് എം നായരുമാണ് അറസ്റ്റിലായത്. കോന്നി ഇൻസ്പെക്ടർ പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡൽഹിയിലേക്ക് കടന്ന പ്രതികളെ അതിവിദഗ്ധമായി കുടിക്കിയത്.

കഴിഞ്ഞ മാസം 20 ന് പട്ടാപ്പകൽ കോന്നി ആഞ്ഞിലക്കുന്നിൽ വച്ചായിരുന്ന മാല പൊട്ടിക്കാനുള്ള പ്രതികളുടെ ആദ്യ ശ്രമം. പിന്നീട് വൈകുന്നേരവും തൊട്ടടുത്ത ദിവസവും ഇരുചക്ര വാഹനങ്ങളിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തി. മൂന്നു തവണയും പ്രതികൾ പകൽ തന്നെയാണ് കൃത്യം നടത്താൻ ശ്രമിച്ചത്.

നമ്പർ പ്ലേറ്റ് മറച്ചും ബൈക്കും സ്കൂട്ടറും മാറിമാറി ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ കോന്നി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ലഹരിക്ക് അടിമയായ യുവാക്കളായ പ്രതികൾ മോഷണം ശ്രമങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് കഞ്ചാവ് മേടിക്കാൻ പോവുകയായിരുന്നു. ഡൽഹിയിൽ നിന്നുള്ള തിരികെ യാത്രയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുപയോഗിച്ചും പ്രതികളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Tags

News Hub