വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : യുവാവ് പിടിയിൽ


ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ കട്ടപ്പന പൊലീസ് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. മാൾട്ട, ന്യൂസിലൻഡ്, പോളണ്ട് എന്നിവിടങ്ങളിൽ കെയർടടേക്കർ ജോലി വാഗ്ദാനം ചെയ്ത് 10 ലേറെ ആളുകളിൽ നിന്ന് ഇയാൾ മൂന്നു മുതൽ നാലര ലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട മാട്ടയിൽ ജിനു (39) ആണ് പിടിയിലായത്.
മാട്ടുക്കട്ടയിൽ ജിനുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ജനസേവന കേന്ദ്രത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇതിനിടെ ഇയാൾ പഞ്ചാബിലേക്ക് കടന്നു. കട്ടപ്പന പൊലീസ് മൊഹാലിയിലെ സിരക്പൂരിലെത്തിയാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ മേൽനോട്ടത്തിൽ എസ്‌ഐ ബിജു ഡിജു ജോസഫ്, എസ് സിപിഒ അനൂപ്, സുരേഷ് ബി ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കട്ടപ്പന സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായും. പരാതിക്കാരിൽ നിന്ന് ആകെ 17 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ പറഞ്ഞു. ഉപ്പുതറ സ്റ്റേഷൻ പരിധിയിലും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ട്. പണം നൽകി ഏതാനും മാസങ്ങൾക്കുശേഷം ജിനുവിനെ ഫോണിൽ കിട്ടാതായതോടെ ആളുകൾ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.