പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 4 .310 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യുവാവിൽ നിന്ന് 4 .310 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറ്റിങ്ങൽ സ്വദേശി ദേവഹാസന്റെ (26) ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരും. ആന്ധ്രയിലെ കോട്ടയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.
മറ്റൊരു കേസിൽ, ആ൪.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് സർക്കിളും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ആളില്ലാത്ത നിലയിൽ കാണപ്പെട്ട ബാഗിൽ പാക്കറ്റിലാക്കി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ വിലവരുന്ന നാലുകിലോ കഞ്ചാവും കണ്ടെടുത്തു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്, പാലക്കാട് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, കെ.എം. ഷിജു, ഒ.കെ. അജീഷ്, പി.പി. അബ്ദുൽ സത്താർ, രാജേന്ദ്രൻ, പി. അജിത്കുമാർ, സി. വിനു, അരുൺ, പ്രസാദ് പാലക്കാട്, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ് ഡ്രൈവർ കണ്ണദാസൻ എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തു.