മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടിലെത്തി, വീടിന് തീപിടിച്ചു,; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം


കോട്ടയം: വീടിന് തീപിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. എരുമേലിയിലാണ് സംഭവം. കനകപ്പാലം സ്വദേശിനിയായ സീതമ്മയാണ് മരിച്ചത്. തീപിടിത്തത്തിൽ സീതമ്മയുടെ ഭർത്താവ് സത്യപാലൻ, മകൾ അഞ്ജലി, മകൻ ഉണ്ണിക്കുട്ടൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ മുതൽ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് നാട്ടുകാർ തീയണയ്‌ക്കാൻ ശ്രമിക്കുകയും സീതമ്മയുടെ ഭർത്താവിനെയും മക്കളെയും വീട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ സീതമ്മ മരിച്ചിരുന്നു.
മകളെ വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവും കുറച്ച് സുഹൃത്തുക്കളും വീട്ടിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ ബഹളവും വാക്കുതർക്കവുമുണ്ടായി. ഇവർ പോയതിന് ശേഷവും വീട്ടിൽ ബഹളം തുടർന്നു. ഇതിനിടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. ആത്മഹത്യയാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
