ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

kottayam-crime

 ബെംഗളൂരുവിൽ സിക്കിം സ്വദേശിയായ 22-കാരിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയും നഗരത്തിലെ സലൂണിൽ റിസപ്ഷനിസ്റ്റുമായിരുന്ന അതി ഹാങ്മ സുബ്ബയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകനും ഡാർജിലിംഗ് സ്വദേശിയുമായ പുർബ ലെപ്ച എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ വെയിറ്ററായി ജോലി ചെയ്യുന്ന പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവർ ബെംഗളൂരുവിലേക്ക് താമസം മാറിയതും ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതും.

ഞായറാഴ്ച രാവിലെ അതി ഹാങ്മ സുബ്ബയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത തർക്കമുണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ പുർബ ലെപ്ച, അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് യുവതിയെ ക്രൂരമായി ആക്രമിക്കുകയും കഴുത്ത് മുറിക്കുകയുമായിരുന്നു. രക്തം വാർന്നാണ് യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബെല്ലന്ദൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags