കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് : യുവതി അറസ്റ്റിൽ


പാലക്കാട്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കിഴക്കഞ്ചേരി സ്വദേശിനിയായ യുവതി അറസ്റ്റിൽ. കിഴക്കഞ്ചേരി കോരൻചിറ കോട്ടക്കുളം മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ച (28) യെയാണ് അറസ്റ്റിലായത്. കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അർച്ചനയെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ യുവതിയെ പറ്റിച്ചാണ് അർച്ചന പണം തട്ടിയെടുത്തത്.
എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അർച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പോലീസ് പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയിൽ നിന്നും കാനഡയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് മൂന്നര ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ഇടപ്പള്ളിയിലെ ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അർച്ചന കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.