കുവൈത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ


കുവൈത്തിൽക്രിമിനൽ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ.കുവൈത്ത് സെൻട്രൽ ജയിലിലാണ് സംഭവം. ജയിൽ സുരക്ഷ ജീവനക്കാർ സന്ദർശകരിൽ നടത്തുന്ന പതിവ് പരിശോധനക്കിടെയാണ് മൊബൈൽ കടത്താനുള്ള ശ്രമം കണ്ടെത്തിയത്. സന്ദർശന വേളയിൽ ഭർത്താവിന് കൈമാറാമെന്ന പ്രതീക്ഷയിൽ യുവതി ഫോൺ വസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് സുരക്ഷവൃത്തങ്ങൾ അറിയിച്ചു. ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ പ്രവേശിപ്പിക്കുന്നത് തടയാൻ നടത്തുന്ന സാധാരണ ശരീരപരിശോധനക്കിടെ ഫോൺ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ മൊബൈൽ ഫോൺ ഭർത്താവിന് വേണ്ടിയുള്ളതാണെന്നും അയാൾ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും സ്ത്രീ സമ്മതിച്ചു. കുറ്റസമ്മതത്തെത്തുടർന്ന് സെൻട്രൽ ജയിൽ ഇൻസ്പെക്ടർമാർ കേസ് രജിസ്റ്റർ ചെയ്തു സുലൈബിയ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.