കൊല്ലത്ത് സ്കൂൾ പരിസരത്ത് കറങ്ങി കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ

കണ്ണനല്ലൂർ: സ്കൂൾ പരിസരത്ത് കറങ്ങി കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ ഗോസാപ്പ ജില്ലയിൽ സൗത് പർഗാനാസിൽ കാമാക്കിയപൂർ ബീരേന്ദ്ര കർമ്മാക്കർ (21), പശ്ചിമബംഗാൾ അലിപ്പൂർ ജില്ലയിൽ മധ്യമഡാരിഹട്ട് മണ്ഡൽപ്പാറ സ്ട്രീറ്റിൽ സുന്ദർ തമാംഗ് (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം. കണ്ണനല്ലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.കെ.എം.എൽ.പി.എസിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. 300 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് ചെറുപൊതികളിലാക്കുന്നതിനായുള്ള 42 ചെറുകവറുകളും രണ്ട് മൊബൈൽഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.