കര്‍ണാടകയില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയില്‍

kottayam-crime
kottayam-crime

ബെംഗളൂരു:  കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗീരീഷ് (38) ആണ് പിടിയിലായത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയായിരുന്നു ഗിരീഷ് കൊലപ്പെടുത്തിയത്. വയനാട് തലപ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും. വ്യാഴാഴ്ചയായിരുന്നു കൂട്ടക്കൊല നടന്നത്. ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഗീരീഷും നാഗിയും തര്‍ക്കം പതിവായിരുന്നു. സംഭവ ദിവസമായ വ്യാഴാഴ്ചയും തര്‍ക്കം നടന്നു. തര്‍ക്കം രൂക്ഷമായതോടെ ഗീരീഷ് വാള്‍ ഉപയോഗിച്ച് നാഗിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ മകളേയും നാഗിയുടെ മാതാപിതാക്കളേയും ഇയാള്‍ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

നാഗിയേയും മാതാപിതാക്കളേയും ജോലിക്ക് കാണാതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടക് എസ്പി രാമരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

Tags

News Hub