വയനാട്ടിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ പിടിയിൽ

മാനന്തവാടി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടിൽ റഹൂഫിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി റഹൂഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി വളർത്തിയത് കണ്ടെത്തിയത്.
വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചുപോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവിൽ എക്സൈസ് ഓഫിസറായ സൽമ കെ ജോസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.