വ്യാജ വിലാസത്തിൽ വയനാട്ടിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിൽ

Minor girl raped; accused arrested by police

 മാനന്തവാടി: കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസ് പ്രതിയാണ് ഇയാൾ.

2004 ജനുവരി 9-ന് കട പൂട്ടി 80,000 രൂപയുമായി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ പുതിയകോട്ടയിൽ വെച്ച് മുനീറും സംഘവും ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുനീർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ചാത്തോത്ത് മുനീർ, ആമിന മൻസിൽ, നല്ലൂർനാട് പി ഒ എന്ന വ്യാജ വിലാസത്തിലാണ് ഇയാൾ വയനാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നത്.

പ്രതി വയനാട്ടിലുണ്ടെന്ന കാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ റഫീക്കിന്റെ നിർദ്ദേശപ്രകാരം സി.പി.ഒമാരായ ഷിന്റോ, സി.എം. നിസാർ എന്നിവർ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് എ.എസ്.ഐ ശ്രീജിത്ത് കാവുങ്കൽ, സീനിയർ സി.പി.ഒ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags