വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ പേര് വെട്ടി ; മുർഷിദാബാദിലെ 4 തൊഴിലാളികൾ ഛത്തീസ്ഗഢിൽ ഒരു മാസമായി തടങ്കലിൽ
കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ (എസ്ഐആർ) പേര് വെട്ടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള നാല് കുടിയേറ്റ തൊഴിലാളികൾ ഛത്തീസ്ഗഢിലെ തടങ്കൽ കേന്ദ്രത്തിൽ ഒരു മാസമായി കഴിയുന്നു. തലമുറകളായി ഇന്ത്യയിൽ താമസിക്കുന്നവരാണ് ഇവരെന്നിരിക്കെ, ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തിലാണ് നടപടി.
മുർഷിദാബാദിലെ സാംസർഗഞ്ച്, സഹാബാദ് മേഖലകളിൽ നിന്നുള്ള സാബിർ ഷെയ്ക്ക് (42), സഫിഖുൽ ഇസ്‍ലാം (39), നസിറുദ്ദീൻ ഷെയ്ക്ക് (35), ലാൾട്ടു ഷെയ്ക്ക് (28) എന്നിവരുൾപ്പെടെ 23 തൊഴിലാളികളാണ് ആഗസ്റ്റ് അവസാനം ജോലി തേടി ഛത്തീസ്ഗഢിലെത്തിയത്. ബിലാസ്പൂർ മേഖലയിൽ വീടുകൾതോറും കയറി സാധനങ്ങൾ വിൽക്കുകയായിരുന്നു ഇവർ.
സെപ്റ്റംബർ 4ന് സിർഗിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുൻചിയാപാര-ഗണേശ് നഗറിലെ താമസസ്ഥലത്ത് നിന്ന് 23 പേരെയും ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തിൽ ഛത്തീസ്ഗഢ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ബിലാസ്പൂർ എസ്.പി ഓഫീസിലേക്കും പിന്നീട് റായ്പൂരിലെ അനധികൃത കുടിയേറ്റക്കാർക്കായുള്ള ഹോൾഡിങ് സെന്ററിലേക്കും മാറ്റി.
ഇതിൽ 19 പേരെ സെപ്റ്റംബർ 18ന് പ്രാദേശിക സിവിൽ കോടതിയുടെ ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ നാല് പേർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. എസ്.ഐ.ആറിൽ ഇവരുടെ പേര് വെട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം ചോദ്യം ചെയ്തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. വിട്ടയച്ച 19 പേരുടെ പേരുകൾ ഏപ്രിലിലെ പരിശോധനക്ക് ശേഷം വോട്ടർ പട്ടികയിൽ തിരികെ വന്നിരുന്നു.
‘ഞാൻ കുട്ടിക്കാലം മുതൽ സാംസർഗഞ്ചിലാണ് താമസം. എന്റെ മുതുമുത്തച്ഛൻ പണിത നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു ഞങ്ങളുടെ പഴയ വീട്. മണ്ണൊലിപ്പിൽ ഒലിച്ചുപോയതിന് ശേഷം 1973ൽ പുതിയ വീട് വെച്ചു. രണ്ട് വീടുകളുടെയും രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്. പിന്നെ എങ്ങനെയാണ് എന്റെ മകൻ ബംഗ്ലാദേശിയാകുന്നത്?’ സഫിഖുളിന്റെ പിതാവായ 67കാരൻ റിയാജുൽ ഷെയ്ക്ക് ചോദിച്ചു.
.jpg)


