വെർച്വൽ അറസ്റ്റ് തട്ടിപ്പ്: എലത്തൂർ സ്വദേശിക്ക് 8.8 ലക്ഷം രൂപനഷ്ടമായി


എലത്തൂർ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ അത്താണിക്കൽ സ്വദേശിയായ വയോധികനിൽനിന്ന് 8,80,000 രൂപ അജ്ഞാതസംഘം തട്ടി. അത്താണിക്കൽ വിഭൂതിയിൽ ചാപ്പുണ്ണി നമ്പ്യാരുടെ പണമാണ് നഷ്ടമായത്.
മുംബൈയിൽ ജലസേചന വകുപ്പിൽ ജോലിചെയ്തിരുന്ന കാലയളവിൽ മനുഷ്യക്കടത്തുകേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി അനധികൃത സമ്പാദ്യം നേടിയിട്ടുണ്ടെന്നും പറഞ്ഞ് മുംബൈ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ ഒരാൾ ഇദ്ദേഹത്തെ ഫോണിൽവിളിക്കുകയായിരുന്നു. വീഡിയോ കോളിൽപോലീസ് വേഷധാരിയായി വന്ന് കേസ് തീർപ്പാക്കുന്നതിന് ബാങ്ക് രേഖകൾ ആവശ്യപ്പെട്ടു. അക്കൗണ്ടിലുള്ള തുക തത്കാലം കൈമാറണമെന്നും പരിശോധിച്ചശേഷം തിരികെ കൈമാറുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ജനുവരി 19 മുതൽ 21 വരെയുള്ള കാലയളവിലാണ് സംഭവം. രണ്ട് ബാങ്കുകളുടെ ശാഖകൾ വഴി 4,00,000, 4, 80,000 എന്നീ തുകകളാണ് ഇദ്ദേഹം കൈമാറിയത് പണം തിരിച്ചുകിട്ടുമെന്ന് കരുതി തട്ടിപ്പിനിരയായ കാര്യം ആദ്യം ആരോടും പറഞ്ഞില്ല. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഏപ്രിൽ ഒമ്പതിനാണ് എലത്തൂർ സ്റ്റേഷനിൽ പരാതി നൽകിയത്. തെലങ്കാനയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു.
