വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ വയോധികന് നഷ്ടമായത് 8,80,000 രൂപ


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്. തട്ടിപ്പിനിരയായ കോഴിക്കോട് എലത്തൂർ സ്വദേശിയായ 83-കാരന് 8,80,000 രൂപ നഷ്ടമായി. അന്വേഷണത്തിൽ പണം തെലങ്കാനയിലുള്ള ഒരു അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, തട്ടിപ്പിനിരയാക്കപ്പെട്ട വ്യക്തി നേരത്തെ മുംബൈയിൽ ജോലിചെയ്തിരുന്നു. ആ സമയത്ത് ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും കേസ് തീർക്കാൻ ബാങ്ക് രേഖകൾ അയച്ചുതരണമെന്നുമാണ് ഇദ്ദേഹത്തെ വിളിച്ചയാൾ ആവശ്യപ്പെട്ടത്.
മുംബൈ സൈബർ ക്രൈമിന്റെ ഡെപ്യൂട്ടി കമ്മീഷണർ എന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടർന്ന് ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. തട്ടിപ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ചയാണ് വയോധികൻ പോലീസിൽ പരാതി നൽകിയത്.
