സംസ്ഥാനത്ത് ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല ; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർടിഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ചില വ്യക്തിഗത മോഡലുകൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും എംവിഡിയുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. നിയമാനുസൃതമായ സ്പീഡ് ഗവർണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണെന്നും മോട്ടോർ വാഹനവകുപ്പ് കുറിച്ചു.
.jpg)

