വർക്കലയിൽ സുഹൃത്തിനെ കൊന്ന പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെന്നിക്കോട് സ്വദേശി പടക്കം പ്രദീപ് എന്ന പ്രദീപ് (37), കാറാത്തല സ്വദേശി കിരൺദാസ് (37) എന്നിവരാണ് പിടിയിലായത്. വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷ് (37) എന്ന യുവാവിന് നേരെയാണ് വധശ്രമമുണ്ടായത്.
വെട്ടുകത്തിയടക്കമുള്ള മാരകായുധങ്ങളുമായി അജീഷിന്റെ വീട്ടിലെത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വധഭീഷണി മുഴക്കി. ബഹളം കേട്ട് പുറത്തിറങ്ങിയ അജീഷിന്റെ തലയ്ക്ക് നേരെ പ്രദീപ് വെട്ടുകത്തി വീശിയെങ്കിലും അജീഷ് സമയോചിതമായി മുൻവാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിക്കുകയായിരുന്നു. തുടർന്ന് അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെട്ട അജീഷ് സമീപത്തെ കുടുംബവീട്ടിലെ മുറിയിൽ കയറി വാതിലടച്ചാണ് അക്രമികളിൽ നിന്ന് ജീവൻ രക്ഷിച്ചത്. അജീഷിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ വേഗത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്. വർഷങ്ങൾക്ക് മുൻപ് പ്രതികളായ പ്രദീപിന്റെയും കിരൺദാസിന്റെയും സുഹൃത്തായ ദീപു കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അജീഷും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ അജിത്തുമായിരുന്നു പ്രതികൾ. അന്നുമുതൽ പ്രതികൾ ഇരുവരെയും കൊലപ്പെടുത്താൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞവർഷം അജീഷ് സ്വന്തം ജ്യേഷ്ഠനും ദീപു വധക്കേസിലെ സഹപ്രതിയുമായ അജിത്തിനെ തേപ്പുകരണ്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. അജിത്ത് കൊല്ലപ്പെട്ടതോടെ പ്രതികളുടെ പ്രതികാരചിന്ത മുഴുവൻ അജീഷിലേക്ക് മാത്രമായി ചുരുങ്ങി. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാളെ ലക്ഷ്യമിട്ട് പ്രതികൾ ആയുധങ്ങളുമായെത്തിയത്.
.jpg)

