വർക്കലയിൽ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ

വർക്കല : അന്തർ സംസ്ഥാന വാഹനമോഷ്ടാക്കൾ പിടിയിൽ. വെട്ടൂർ അയന്തി പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (30), കല്ലമ്പലം മാവിൻമൂട് പുതുവൽവിള വീട്ടിൽ താരിഷ് എന്ന കൃഷ്ണകുമാർ (27) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റു ചെയ്തത്.
കേരളത്തിനകത്തും പുറത്തുമായി മുപ്പത്തിയാറോളം വാഹനമോഷണക്കേസുകളിലെ പ്രതികളാണിവർ. വർക്കലയിലും പരിസരപ്രദേശങ്ങളിലും നടന്ന വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ പിടിയിലാകുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിനോട് ചേർന്നുളള റോഡിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച് വർക്കല നടയറ ഭാഗത്ത് എത്തിച്ച് പൊളിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്.
മോഷ്ടിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എസ്.ഐ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ഫ്രാങ്ക്ളിൻ, എ.എസ്.ഐമാരായ മനോജ്, ബിജുകുമാർ, സി.പി.ഒമാരായ ഷജീർ, നിജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.