വടകര എംഡിഎംഎ കേസ് ; പ്രധാന പ്രതി പിടിയിൽ
വടകര: എംഡിഎംഎ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന കേസിലെ പ്രധാന പ്രതി പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) പിടിയിലായി. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയും കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ അടുത്ത സഹപ്രവർത്തകനുമാണ് ഫിറോസെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് ഇടപാടുകളുടെ നിയന്ത്രണവും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇയാളാണ് കൈകാര്യം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ഫിറോസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണെന്ന് പൊലീസ് പറയുന്നു. നേരത്തേ മൊടക്കല്ലൂരിലെ ലോഡ്ജിൽ യുവതിക്കൊപ്പം എംഡിഎംഎയുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരിമരുന്ന് ഇടപാടുകൾക്കായി എത്തിയപ്പോഴാണ് പിടിയിലായതെന്നാണ് വിവരം.
റൂറൽ എസ്.പിയുടെ ഡാൻസാഫ് സംഘം ഫിറോസിനെ നിരീക്ഷിച്ചുവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ ഇയാൾ എത്തിയെന്ന വിവരം ലഭിച്ചതോടെ സംഘം സ്ഥലത്തെത്തി പിടികൂടി. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തുടർന്ന് സ്ഥലത്തെത്തി പ്രതിയെ വടകര പൊലീസിന് കൈമാറി.
മലബാറിലെ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഫിറോസിന്റെ അറസ്റ്റ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അനസ്, പൊൻ അജ്മൽ, ഷിന്റോ ഷിജു എന്നിവരുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമോയെന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്.
.jpg)


