ഉത്തർപ്രദേശിൽ ബില്ലടച്ചതിനെ ചൊല്ലി തർക്കം ; 15 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

ലഖ്നോ: 15 വയസുള്ള ആൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. കച്ചവടക്കാരനിൽ നിന്ന് മുട്ട കഴിച്ചതിന് ശേഷം 115 രൂപ ബില്ലടച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ചന്ദനാണ് മരിച്ചത്. ചന്ദനും മൂന്ന് സുഹൃത്തുക്കളും മുട്ടകൾ കഴിക്കുകയും തുടർന്ന് ബില്ലടക്കുന്നതിനെ ചൊല്ലി അവർ തമ്മിൽ തർക്കമുണ്ടായതായും സാക്ഷികൾ പറയുന്നു.
മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വയലിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം മൂവരും രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അന്നു രാത്രി ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഗുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തുകയും മൂവരെയും പിടികൂടുകയും ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.