ഉത്തർപ്രദേശിൽ ഹോട്ടൽ മുറിയുടെ ജനാലയിൽ നിന്നും വീണ് യുവാവ് മരിച്ചു ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ലക്നോ: ഉത്തർപ്രദേശിൽ ഹോട്ടൽ മുറിയുടെ ജനാലയിൽ നിന്ന് വീണ് ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ. ഫരീദാബാദിലെ ബദ്ഖൽ ചൗക്കിലാണ് സംഭവം. ഖേരി ഗ്രാമവാസിയായ വികാസ്(24)ആണ് മരിച്ചത്. ഹോട്ടലിലെ മുറിയുടെ ജനാലയിലൂടെയാണ് വികാസ് താഴേക്ക് വീണത്. സുഹൃത്തുക്കൾക്കൊപ്പമാണ് വികാസ് ഹോട്ടലിൽ മുറിയെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വികാസിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, വികാസിനെ സുഹൃത്തുക്കൾ മനഃപൂർവം കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് പരാതിപ്പെടുന്നത്.
മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതിന് ശേഷം ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ഓൾഡ് ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജീവ് കുമാർ പറഞ്ഞു.