അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ജന്മദിനാഘോഷം ലക്ഷ്യമാക്കി ഭീകരാക്രമണ നീക്കം ; അഞ്ച് പേർ അറസ്റ്റിൽ

trump

 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷവും വൈറ്റ് ഹൗസിൽ നടന്ന യു.എഫ്‌.സി കേജ് ഫൈറ്റിങ് ഷോയും ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണ ഗൂഢാലോചന തകർത്തതായി എഫ്.ബി.ഐ. ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തതായി അറിയിച്ചു.

ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തി ജനക്കൂട്ടത്തെ പരിഭ്രാന്തരാക്കി, രക്ഷപ്പെടുന്നവരെ സ്നൈപ്പർമാർ വഴി വെടിവെച്ചു കൊല്ലാനായിരുന്നു പദ്ധതി. ഇതിന് ശേഷം വൈറ്റ് ഹൗസ് ഗേറ്റുകൾ തകർത്ത് അകത്തുകയറുന്ന 'രണ്ടാം ഘട്ട' ആക്രമണവും ആസൂത്രണം ചെയ്തിരുന്നു. ഒഹായോ, മിസോറി, നെബ്രാസ്ക, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് അഞ്ച് പേരെ പിടികൂടിയത്. ടൈസൻ സി. പ്രോപ്പർ (19), ബ്രയാൻ ഒമർ റോവ (24), മൈക്കൽ അലൻ തോമസ് (32), ഡാനിയൽ കെ. എസ്ക്രിഡ്ജ് (32), എബ്രഹാം ഹെർമോസില്ലോ അൽവാരസ് (31) എന്നിവരെയാണ് പിടികൂടിയത്.

ജൂൺ 10-നാണ് ആക്രമണ ഭീഷണിയെക്കുറിച്ച് എഫ്.ബി.ഐക്ക് രഹസ്യവിവരം ലഭിക്കുന്നത്. ടൈസൻ പ്രോപ്പറിന്റെ മാതാവ്, മകൻ വലിയ തോതിൽ ആയുധങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ടിക് ടോക്കിലെ 'വാൻഗാർഡ് ഓഫ് ദി ഓൾഡ്' എന്ന ഗ്രൂപ്പിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് വ്യക്തമായി. പിന്നീട് കൂടുതൽ സുരക്ഷക്കായി സിഗ്നൽ ആപ്പിലേക്ക് മാറിയ ഇവർ, ആക്രമണത്തിന്റെ വിശദമായ ഭൂപടങ്ങളും വൈറ്റ് ഹൗസിന്റെ ആകാശ ദൃശ്യങ്ങളും കൈമാറിയിരുന്നു.

ട്രംപിന് പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു, ഇലോൺ മസ്ക് എന്നിവരും ഇവരുടെ ലക്ഷ്യപട്ടികയിലുണ്ടായിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ടവരും സർക്കാരിലെ അഴിമതിക്കാരും രാജ്യം ഭരിക്കാൻ യോഗ്യരല്ലെന്നാരോപിച്ചായിരുന്നു ആക്രമണത്തിനുള്ള നീക്കം.

Tags