മദ്യപിക്കുന്നതിനിടെ വെള്ളം നൽകിയില്ല ; ഉത്തർപ്രദേശിൽ ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ചുകൊലപ്പെടുത്തി
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ മദ്യപിക്കുന്നതിനിടെ വെള്ളം നൽകാൻ വിസമ്മതിച്ച ഒമ്പതുവയസ്സുകാരനെ ബന്ധു വെടിവെച്ചുകൊന്നു. കാസ്ഗഞ്ച് ജില്ലയിലെ യാകുത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. ജസ്‌വീർ ഗോളയുടെ മകൻ യശ്പാൽ (യഷ്) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ധനേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിൽ നടന്ന ഒരു പേരിടൽ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചടങ്ങിനെത്തിയ പ്രതിയായ ധനേഷ് യാദവ് മദ്യലഹരിയിലായിരുന്നു. മദ്യപിക്കുന്നതിനിടയിൽ കുട്ടിനോട് വെള്ളം എടുത്തുനൽകാൻ ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഇതിന് തയ്യാറാകാത്തതിനെത്തുടർന്ന് പ്രകോപിതനായ ധനേഷ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ കുട്ടിയെ കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
നില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അലിഗഡിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ചയോടെ യശ്പാൽ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ അമ്മാവൻ അനുജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയ പ്രതിയെ ഖിതൗലി കനാൽ പാലത്തിന് സമീപത്തുവെച്ചാണ് സഹാവർ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഭാരതി അറിയിച്ചു.
.jpg)

