തിരുവനന്തപുരത്ത് ഹോട്ടലിൽ റൂം ബുക്കിംഗിൽ തട്ടിപ്പ് ; നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ജീവനക്കാരൻ പിടിയിൽ


തിരുവനന്തപുരം: ബാർ ഹോട്ടലിൽ റൂം ബുക്കിംഗിൻ്റെ പേരിൽ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ജീവനക്കാരൻ പൊലീസ് പിടിയിൽ. തൃശ്ശൂർ തുറവൂർ ഐഡിക്കൽ ഹൗസിൽ നോയൽ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്ന പ്രതി റൂം ബുക്കിംഗിനായി ബന്ധപ്പെടുന്നവർക്ക് ഹോട്ടൽ നമ്പർ എന്ന വ്യാജേന സ്വന്തം ഗൂഗിൾ പേ നമ്പർ നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
അതേസമയം പലരിൽ നിന്നുമായി 50,000 രൂപയോളം തട്ടിയെടുത്ത ശേഷമാണ് നോയൽ മുങ്ങിയത്. റൂം ബുക്ക് ചെയ്തവർ ഹോട്ടലിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടൽ ഉടമ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തൃശ്ശൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്. അക്കൗണ്ടിൽ ലഭിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.