തിരുവനന്തപുരത്ത് 16കാരന് ജിം ട്രെയിനറുടെയും മകന്റെയും ക്രൂരമർദനം

police8

തിരുവനന്തപുരം: ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച് ജിം ട്രെയിനറും മകനും. നഗരൂർ സ്വദേശിയായ പതിനാറുകാരനെയാണ് ജിം ട്രെയിനറും മകനും ആക്രമിച്ചത്. അധികഭാരം ഉപയോഗിച്ചുളള പരിശീലനം വേണ്ടെന്ന് കുട്ടി ജിമ്മിലുളള തന്റെ കൂട്ടുകാരനോട് പറഞ്ഞതിൽ പ്രകോപിതനായി ജിം ട്രെയിനറുടെ മകൻ ആദ്യം കുട്ടിയെ മർദിക്കുകയായിരുന്നു. ചവിട്ടി വീഴ്ത്തിയുളള ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്കേറ്റു. കുട്ടിയുടെ കാഴ്ച്ച മങ്ങിയാതായി ഡോക്ടർമാർ അറയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി. ജൂലൈ ഇരുപത്തിയൊന്നിനായിരുന്നു സംഭവം നടന്നത്. പ്രായം കുറവായതിനാൽ ഭാരം കുറച്ച് എടുത്താൽ മതിയെന്ന് ആക്രമിക്കപ്പെട്ട കുട്ടിയോട് ജിം ട്രെയിനറുടെ മകൻ പറഞ്ഞിരുന്നു. പിറ്റേ ദിവസം ജിമ്മിലെത്തിയപ്പോൾ കൂട്ടുകാരൻ അധികഭാരം ഉയർത്തുന്നതുകണ്ട വിദ്യാർത്ഥി ഇത്രയും ഭാരം എടുക്കേണ്ടതില്ലെന്ന് നിർദേശം ലഭിച്ചിട്ടുണ്ടല്ലോ എന്ന് കൂട്ടുകാരനോട് പറയുകയായിരുന്നു. ഇതേ തുടർന്നാണ് മർദനമുണ്ടായത്.

ഇനി മുതൽ ജിമ്മിലേക്ക് വരേണ്ടെന്നും ജിം ട്രെയിനറുടെ മകൻ വിദ്യാർത്ഥിയോട് പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോൾ ട്രെയിനർ തലയ്ക്കടിച്ച് വീഴ്ത്തി. കുട്ടിയുടെ കഴുത്തിന് പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അവശനായ കുട്ടി ഛർദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തി ട്രെയിനറെ വിട്ടയച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

Tags