ട്രെയിനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

google news
train

ചെന്നൈ: സബര്‍ബന്‍ തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. താംബരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്. പെരുങ്കുളത്തൂരില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോടമ്പാക്കം സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

14- ന് ഗിണ്ടിയില്‍നിന്ന് താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ യാത്രചെയ്യുമ്പോള്‍ കരുണാകരന്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി അയാളുടെ പ്രവൃത്തി മൊബൈലില്‍ പകര്‍ത്തി. താന്‍ പോലീസാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കരുണാകരന്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ എന്ന് യുവതിയെ വെല്ലുവിളിച്ചു. വഴക്ക് തുടരുന്നതിനിടെ അയാള്‍ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.

യുവതി താംബരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി റെയില്‍വേ ഗാര്‍ഡുകളോട് പരാതിപ്പെടുകയും വീഡിയോ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് കരുണാകരനെ അറസ്റ്റ് ചെയുകയായിരുന്നു.

Tags