തിരുവല്ലത്ത് എസ്.ഐയെയും ഭാര്യയെയും ആക്രമിച്ചയാൾ അറസ്റ്റിൽ

തിരുവല്ലം: തിരുവല്ലം പുഞ്ചക്കരിയിൽ വീട്ടുമുറ്റത്തുനിന്ന എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാമിനെ(21)യാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഏഴിന് രാവിലെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ ഗിരീഷ് കുമാർ, ഭാര്യ ശ്രീകല എന്നിവർക്കുനേരെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമണം നടത്തിയത്.
വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ അസഭ്യംപറഞ്ഞ് കൈയിൽ പിടിച്ച് തിരിക്കുകയും ഇതുകണ്ട് ഓടിയെത്തിയ ഗിരീഷിനെ ഹോളോബ്രിക്സ് കട്ട കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. അക്രമികളിലൊരാളായ രാഹുലിനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.