തൃശ്ശൂരിൽ കത്തിക്കുത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ചാവക്കാട്: നായ്ക്കളെ ഇണചേർത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ കത്തിക്കുത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചാവക്കാട് ആശുപത്രി റോഡിനു സമീപം നടന്ന അടിപിടി, കത്തിക്കുത്ത് കേസിലെ പ്രതി മണത്തല ബേബി റോഡ് ആലുക്കൽ വീട്ടിൽ വിഷ്ണു സജീവനെയാണ് (22) ചാവക്കാട് എസ്.ഐ ബിപിൻ ബി. നായർ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ മണത്തല തിരുവത്ര പൊന്നുപറമ്പിൽ വീട്ടിൽ നിജു എന്ന നിജിത്തിനെ (26) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചാട്ടുകുളം കുഴിക്കാടത്ത് വീട്ടിൽ കൃഷ്ണദത്തിനാണ് കുത്തേറ്റത്. കൃഷ്ണദത്തിന്റെ സുഹൃത്ത് സൂര്യയുടെ ആൺ നായുമായി, പ്രതി നിജിത്തിന്റെ പെൺ പട്ടിയെ ക്രോസ് ചെയ്തതിൽ ഫലം ഉണ്ടായില്ല.
അതിനാൽ ക്രോസ് ചെയ്യിച്ചതിന്റെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണദത്തും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായതും കത്തിക്കുത്തിൽ കലാശിച്ചതും. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി തൃശൂരിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്.
വിഷ്ണു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്, ബിജു പട്ടാമ്പി, സി.പി.ഒമാരായ മെൽവിൻ, ബൈജു, ഷിനീഷ്, പ്രദീപ്, വിനീത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.