തൃശൂരിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം
തൃശൂർ: പുതുക്കാട് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. മണലി മടവാക്കര റോഡിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മണലി പാലത്തിന് സമീപം റോഡിലൂടെ നടന്നുപോയിരുന്ന പെൺകുട്ടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, പ്രതിയുടെ കൈയ്യിൽ കടിച്ചു പരിക്കേൽപ്പിച്ച് പെൺകുട്ടി കുതറിയോടുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് ഓടിയ പെൺകുട്ടി സമീപത്തെ ചായക്കടയിലാണ് അഭയം തേടിയത്. കടയിലെ സ്ത്രീ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി. ആളുകൾ സംഘടിക്കുന്നത് കണ്ട പ്രതി രക്ഷപ്പെടാനായി മണലി പുഴയിലേക്ക് ചാടി. എന്നാൽ വൈകാതെ തന്നെ നാട്ടുകാരനായ പാലിയേക്കര സ്വദേശി കുമാർ പുഴയിൽ ചാടി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ പിന്നീട് ആ വഴി വന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ കർണാടക സ്വദേശിയാണെന്ന് പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)

