തൃശ്ശൂരിൽ ആശുപത്രി ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ

ആറാട്ടുപുഴ: മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്ടോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആഴ്ചയിൽ രണ്ടുദിവസത്തെ സേവനത്തിനായി ഇയാൾ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു.
തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയിൽ എസ്.എച്ച്.ഒ ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ് ബാബു, സി.പി.ഒമാരായ രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.