തൃശൂരിൽ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍


മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷാജു, അനില്‍ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു
തൃശൂർ : വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തൃത്തല്ലൂര്‍ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അടൂര്‍ പത്തനംതിട്ട സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന്‍ അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹ പ്രവര്‍ത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ പിടികൂടി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷാജു, അനില്‍ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഷാജു തന്നെയാണ് വിവരം സ്ഥാപന ഉടമയെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസ് എത്തി ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
