ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ ഇറിഡിയം തട്ടിപ്പ്; 3 പേർ അറസ്റ്റിൽ


ഇറിഡിയം ഇടപാടിലൂടെ ലക്ഷങ്ങള്‍ തിരികെ കിട്ടുമെന്ന് വാഗ്ദാനം നല്‍കി മാപ്രാണം സ്വദേശിയില്‍നിന്ന് 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി
തൃശൂർ : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ ഇറിഡിയം തട്ടിപ്പിൽ 3 പേർ അറസ്റ്റിൽ. പെരിഞ്ഞനം സ്വദേശി പാപ്പുള്ളി ഹരിദാസന്‍ എന്ന ഹരിസ്വാമി (52), മണവിലാശ്ശേരി താണിശ്ശേരി മണമ്പുറയ്ക്കല്‍ വീട്ടില്‍ ജിഷ (45), മാടായിക്കോണം മാപ്രാണം വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദാ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഇറിഡിയം ഇടപാടിലൂടെ ലക്ഷങ്ങള്‍ തിരികെ കിട്ടുമെന്ന് വാഗ്ദാനം നല്‍കി മാപ്രാണം സ്വദേശിയില്‍നിന്ന് 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരേ സമാനമായ തട്ടിപ്പുകേസുകളിലും പരാതികളുണ്ട്. ഇവര്‍ 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രഹസ്യാന്വേഷണ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹരിദാസന്‍ കൊല്‍ക്കത്തയിലെ മഠത്തിന്റെ അധിപതിയാകാന്‍ പോകുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. ഇറിഡിയം വിദേശത്തേക്ക് കയറ്റി അയച്ചെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
നിരവധി പേരില്‍നിന്നായി കോടിക്കണക്കിനുരൂപയാണ് സമാഹരിച്ചത്. റിസര്‍വ് ബാങ്കിന്റേതാണെന്നു കാണിച്ചുള്ള വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റാഷി, എഎസ്‌ഐ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.