തൃക്കാക്കര കോളജ് മോർഫിങ് കേസ് : ഒരാൾ കൂടി അറസ്റ്റിൽ

65-year-old man arrested for raping and murdering four-year-old girl

 കൊച്ചി:  തൃക്കാക്കരയിൽ കോളജ് വിദ്യാർഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സനീഷ് ആണ് അറസ്റ്റിലായത്. ഇയാൾ സംഭവം നടന്ന തൃക്കാക്കര ഭാരത് മാതാ കോളജിന് പുറത്തുള്ളയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മറ്റൊരു കോളജിലെ വിദ്യാർഥിയാണെന്നാണ് വിവരം.

മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ടെല​ഗ്രാം ​ഗ്രൂപ്പിലെ അം​ഗമാണ് സനീഷെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ, തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സനീഷ് പിടിയിലാകുന്നത്.

സനീഷിന്റെ മൊബൈൽഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പരിശോധിക്കുകയാണ് . ശ്രീഹരിയെ ചോദ്യം ചെയ്തതിൽ നിന്നും അശ്ലീല വീഡിയോ നിർമിക്കുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. മറ്റ് ചില കോളജുകളിലെ വിദ്യാർഥികളുടെ ഗ്രൂപ്പുകൾകൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ഒന്നാം പ്രതിയായ ശ്രീഹരി കോളജിലെ പരിപാടികൾക്കിടെ പകർത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ പിടിയിലായ വിദ്യാർഥിയടക്കം എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും എങ്ങനെയാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. കേസ് പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്.

Tags