ലഹരികടത്തിന് വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് കവര്‍ച്ച: മൂന്ന് പ്രതികള്‍ അറസ്റ്റില്‍


പാലക്കാട്: ലഹരി കടത്തിന് വിസമ്മതിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാരേക്കാട് കരിങ്കരപ്പുള്ളി സ്വദേശി ജിതിന്‍ എന്ന ജിത്തു (23), മരുതറോഡ് കൂട്ടുപാത കനാല്‍ വരമ്പ് സ്മിഗേഷ് എന്ന ഷാജി (36), കാരേക്കാട് കരിങ്കിരപ്പുള്ളി സ്വദേശി അനീഷ് (30) എന്നിവരെയാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒന്നാംതിയതി വൈകീട്ട് നാലരയോടെയാണ് സംഭവം. പാലക്കാട് ടൗണില്‍ നിന്നും രോഗിയെ കയറ്റാനെന്ന വ്യാജേനെയാണ് ഓട്ടോറിക്ഷ വിളിച്ചത്. ചന്ദ്രനഗര്‍ കൂട്ടുപാതയില്‍ എത്തിയ സമയം ആളൊഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് കഞ്ചാവ് എടുക്കാനാണെന്ന വിവരം ഓട്ടോ ഡ്രൈവര്‍ അബ്ബാസ് അറിയുന്നത്. തയ്യാറല്ലെന്ന് പറഞ്ഞതോടെ മര്‍ദ്ദിച്ചു. കൈയിലുണ്ടായിരുന്ന 2500 രൂപയും പിടിച്ചുപറിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് ഡ്രൈവറെ വിട്ടയച്ചത്.
ശരീരം മുഴുവന്‍ മുറിവുകളുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒരാഴ്ച ചികിത്സയിലായിരുന്നു.
നിലവില്‍ പിടിയിലായ ജിതിന്‍ പാലക്കാട് കസബ, ടൗണ്‍ സൗത്ത് സ്റ്റേഷനുകളില്‍ കഞ്ചാവ്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സ്മിഗേഷ് എന്ന ഷാജി ആന്ധ്രപ്രദേശില്‍ 120 കിലോ കഞ്ചാവ് കേസിലും കസബ, മലമ്പുഴ സ്റ്റേഷനുകളിലെയും കേസുകളിലെ പ്രതിയാണ്. ഇവര്‍ കഞ്ചാവ് കടത്താനാണോ ഓട്ടോറിക്ഷ വിളിച്ചത് എന്നതില്‍ അന്വേഷണം ആരംഭിച്ചു. രണ്ട് പ്രതികളെ കൂടി പിടികൂടിയാല്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

പാലക്കാട് കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐമാരായ കെ.പി. വിപിന്‍ രാജ്, ഉദയകുമാര്‍, ജതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍. രാജീദ്, സി. സുനില്‍, സി. മുകേഷ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.