കാക്കനാട് ആഡംബരഫ്ലാറ്റിൽനിന്ന് രാസലഹരിയുമായി മൂന്നുപേർ പിടിയിൽ

തൃക്കാക്കര : കാക്കനാട് ആഡംബരഫ്ലാറ്റിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് (34), കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ (27), പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ (21) എന്നിവരെയാണ് പിടികൂടിയത്.
കോട്ടയം സ്വദേശി മനാഫാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവുമാണ് രണ്ടുമാസമായി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നത്. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മനാഫ് ഒളിവിലാണ്. രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു.
തൃക്കാക്കര ഇൻസ്പെക്ടർ ആർ. ഷാബു, എസ്.ഐമാരായ പി. പി ജസ്റ്റിൻ, എൻ. ഐ റഫീഖ്, എ.എസ്.ഐ ശിവകുമാർ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ സന്ധ്യ എന്നിവരും ഡാൻസാഫും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.