തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടതായി പരാതി

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിൽ തുക നഷ്ടമായതായി പരാതി. സ്റ്റോക് ട്രേഡിങ് വഴി വൻ തുക വാഗ്ദാനം ചെയ്ത് ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനിൽനിന്നാണ് 54 ലക്ഷം രൂപ തട്ടിയെടുത്തത്. ചെറിയതുക ഘട്ടമായി പദ്ധതിയിൽ നിക്ഷേപിച്ച് കോടികൾ ഉണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പണം നിക്ഷേപിച്ചെങ്കിലും പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഫോൺ വഴിയാണ് സംഘം പലരുമായും ബന്ധപ്പെടുന്നത്.
വിശ്വാസ്യത കൂട്ടാൻ വ്യാജ രജിസ്ട്രേഷൻ ലോഗിങ് സൈറ്റ് അടക്കം വാട്സ്ആപ്പിൽ അയക്കും. ഇങ്ങനെയാണ് പലരെയും വിശ്വസിപ്പിക്കുന്നത്. ചില സംഘങ്ങൾ എ.ഐ ഉപയോഗിച്ച് വിഡിയോ കോളിങ് വരെ നടത്തി ഇരകളെ ബോധിപ്പിക്കും. തുടർന്ന് പണം നിക്ഷേപ്പിച്ചയുടനെ സൈറ്റ് ബ്ലോക്കാകുകയും നമ്പർ സ്വിച്ച് ഓഫാകുകയും ചെയ്യും. ഇവർ പണം നിക്ഷേപിക്കുന്ന അക്കൗണ്ട് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സമാനരീതിയിൽ നഗരത്തിൽ നാല് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ പോയെന്നാണ് വിവരം.