തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ

kallara

 തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലറ സ്വദേശിയായ ധർമരാജൻ (58) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജൂലൈ 31-നാണ് വൈകുന്നേരത്തോടെയാണ് വിദ്യാർഥിയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണമെന്ന നിലയിലാണ് പൊലീസ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയാണ് വഴിതിരിവായത്.

അറസ്റ്റിലായ ആൾ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി സംശയമുണ്ടെന്ന് സമീപവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. താൻ മുൻപും കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു. പീഡനത്തിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോക്സോ അടക്കമുള്ള ശക്തമായ വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags