തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; അന്വേഷണം അവസാനിപ്പിച്ച് പോലീസ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ അക്കാദമിക് ആവശ്യങ്ങൾക്കായി ഉപയോഗിച്ച മൃതദേഹമാണിതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. മരണപ്പെട്ട ശിശുവിന്റെ ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൃതദേഹത്തിന് വലിയ കാലപ്പഴക്കം ഉണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഒരു മാസം മുൻപാണ് മെഡിക്കൽ കോളേജ് പരിസരത്തെ മാലിന്യക്കൂനയിൽ നിന്നും ആറുമാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മൃതദേഹം ഉപേക്ഷിച്ചത് ആരാണെന്നോ, അത് എവിടെ നിന്നാണ് ലഭിച്ചതെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
അതേസമയം, മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി അധികൃതർ തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ ഇത്തരം മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കാറില്ലെന്നും, നായ്ക്കൾ എവിടെനിന്നെങ്കിലും കടിച്ചുകൊണ്ടുവന്നതാകാം ഇതെന്നുമാണ് അധികൃതരുടെ അനൗദ്യോഗിക നിലപാട്. പോലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും, മൃതദേഹം എങ്ങനെയാണ് ആശുപത്രി പരിസരത്തെ മാലിന്യക്കൂനയിൽ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ ദുരൂഹത ബാക്കിയാവുകയാണ്.
.jpg)

