വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ് ; മകന് ജീവപര്യന്തം ശിക്ഷ തടവ്
തിരുവനന്തപുരം : കഠിനംകുളത്ത് വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ തങ്കച്ചന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ 25,000 രൂപ പിഴയും തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി. അനസ് ഉത്തരവിട്ടു. 2021 മെയ് നാലിനാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. പുതുക്കുറിച്ചിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന റീത്ത (71) ആണ് മകൻ തങ്കച്ചന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പ്രായാധിക്യവും അസുഖങ്ങളും അലട്ടിയിരുന്ന മാതാവിനെ നോക്കേണ്ടി വരുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃശ്യങ്ങൾ നിർണ്ണായക തെളിവായി മാറി. റീത്തയെ തങ്കച്ചൻ തടികൊണ്ട് അടിക്കുന്നതും തല ഭിത്തിയിൽ ഇടിപ്പിക്കുന്നതും അയൽവാസി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും 21 സാക്ഷികളെയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഠിനംകുളം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അതിവേഗം വിധി വന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വേണി കെ ഹാജരായി.
.jpg)

