തിരുവനന്തപുരത്ത് ബൈക്ക് മോഷണക്കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

police8
police8

തിരുവനന്തപുരം : വലിയതുറ എഫ്.സി.ഐ. ഗോഡൗണിന് സമീപത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം തട്ടത്തുമല പിനാക്കല്‍ച്ചേരി ഫാസിലാ മന്‍സിലില്‍ എഫ്. മാഹീന്‍, തട്ടത്തുമല തേജസ് നഗര്‍ ഫാത്തിമാ മന്‍സിലില്‍ എം. മാഹീന്‍ എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 -ന് പുലര്‍ച്ചെയായിരുന്നു മോഷണം. മറ്റൊരു ബൈക്കിലായിരുന്നു ഇവര്‍ മോഷണത്തിനെത്തിയിരുന്നത്. ഗോഡൗണ്‍ ഭാഗത്തുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ചശേഷം രണ്ട് ബൈക്കുകളിലായാണ് ഇവിടെ നിന്ന് പോയത്.

തുടര്‍ന്ന് യാത്രാമധ്യേ അഞ്ചുതെങ്ങ് വിളഭാഗത്തെത്തിയശേഷം മോഷണത്തിനായി ഉപയോഗിച്ച ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് വലിയതുറയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ കൊട്ടാക്കരക്കരയിലെ വെട്ടിക്കവലയിലെത്തി. ബൈക്കില്‍ സഞ്ചരിക്കവെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്കുപുറമേ തമിഴ്‌നാട്ടില്‍ നിന്ന് സ്‌പോര്‍ട്സ് ബൈക്കുകളും പ്രതികള്‍ മോഷ്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ. മാരായ അജേഷ് കുമാര്‍, ഇന്‍സമാം, സി.പി.ഒ.മാരായ വരുണ്‍ഘോഷ്, രഞ്ചിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Tags