തിരുവനന്തപുരത്ത് വാഹനത്തിന് സൈഡ് നൽകാത്തതിന് കുപ്പി കൊണ്ടടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ തടഞ്ഞുനിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ചാല പുത്തൻറോഡ് ടി.സി 39/1832ൽ അനസ് (28), ചാല കരിമഠം കോളനിയിൽ സുധീഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാത്രി 11ന് തിരുവനന്തപുരം ആശാൻ സ്ക്വയർ എം.എൽ.എ ഹോസ്റ്റലിന് സമീപം വഞ്ചിയൂർ സ്വദേശിയായ ആദിത്യ സതീഷ് എന്നയാളെയാണ് സംഘം ആക്രമിച്ചത്.
കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ ബി.എം. ഷാഫിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷെഫിൻ. എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഫസൽ ഉൾ റഹ്മാൻ, ഹൈദറുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ അലക്സ്, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.